This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കായിക വിദ്യാഭ്യാസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കായിക വിദ്യാഭ്യാസം

ഒളിമ്പസ്‌- കലാകാരന്റെ ഭാവനയില്‍

വിദ്യാര്‍ഥികളുടെ ശാരീരികവും മാനസികവുമായ വികാസത്തെ ലക്ഷ്യമാക്കി നല്‌കപ്പെടുന്ന കായികപരിശീലനപദ്ധതി. കായികവിദ്യാഭ്യാസം വിദ്യാര്‍ഥികളുടെ ശാരീരികശേഷി മെച്ചപ്പെടുത്തുന്നതിനുപുറമേ അവരുടെ ബുദ്ധിപരമായ കഴിവുകളെ വര്‍ധിപ്പിക്കുന്നതിനും പ്രയോജനപ്പെടുന്നു. ജാഗ്രത, സ്ഥിരോത്സാഹം, നേതൃവൈഭവം, ഒത്തൊരുമ, നിയമങ്ങളോടുള്ള ബഹുമാനവും അനുസരണയും എന്നീ ഗുണങ്ങളും ക്രമാനുഗതമായ കായികപരിശീലന പദ്ധതിയില്‍ക്കൂടി വിദ്യാര്‍ഥികളില്‍ ഉളവാക്കാന്‍ സാധിക്കുന്നു.

പുരാതന ഒളിമ്പിക്‌സ്‌ സ്റ്റേഡിയം

ശാരീരികവികാസത്തിനാവശ്യമായ വ്യായാമമുറകള്‍, ഓട്ടം, നടത്തം, നീന്തല്‍, ജാവലിന്‍ത്രാ, ഷോട്ട്‌പുട്ട്‌, ഫുട്‌ബോള്‍, ക്രിക്കറ്റ്‌, ഹോക്കി, ജിംനാസ്റ്റിക്‌സ്‌ തുടങ്ങി ഒറ്റയ്‌ക്കും കൂട്ടായും ചേര്‍ന്നുള്ള വിവിധതരം കളികള്‍, താളക്രമത്തിലുള്ള കായികവിനോദങ്ങള്‍, പര്‍വതാരോഹണം, കുതിരസവാരി, കടല്‍യാത്ര തുടങ്ങിയ സാഹസികാഭ്യാസങ്ങള്‍ എന്നിവയെല്ലാം കായികവിദ്യാഭ്യാസ പരിപാടിയുടെ ഭാഗങ്ങളാണ്‌. ശരീരഘടന, വികാസം, ഓരോ അവയവങ്ങളുടെയും കാര്യക്ഷമമായ ഉപയോഗം തുടങ്ങിയവയെക്കുറിച്ചുള്ള അറിവും കായികവിദ്യാഭ്യാസത്തിന്റെ ഭാഗമായി നല്‌കേണ്ടതാണ്‌. വിദ്യാര്‍ഥികളുടെ പ്രായം, ശാരീരികവും മാനസികവുമായ വളര്‍ച്ച, ആരോഗ്യനില എന്നിവ കണക്കിലെടുത്തുകൊണ്ടാണ്‌ കായികപരിശീലന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്‌. പ്രീപ്രമറി നിലവാരത്തിലുള്ള ശിശുക്കള്‍ക്കു നല്‌കുന്ന കായികപരിശീലന പദ്ധതി ഇന്ദ്രിയങ്ങളുടെ ശരിയായ വികാസത്തിനുതകുന്നതും ശാരീരികാവയവങ്ങളുടെ ചലനങ്ങളെ ഏകോപിപ്പിക്കുന്നതിന്‌ പര്യാപ്‌തമായിട്ടുള്ളതുമായിരിക്കണം. ശരിയായ വിധത്തില്‍ നടക്കാനും ഓടാനും എറിയാനുമുള്ള കഴിവുകള്‍ ഈ കാലഘട്ടത്തില്‍ ആര്‍ജിക്കേണ്ടതാവശ്യമാണ്‌. കുട്ടികള്‍ വളര്‍ന്നു വരുന്നതനുസരിച്ച്‌ കായികപരിശീലനത്തിന്റെ സ്വഭാവവും കാഠിന്യവും ക്രമാനുഗതമായി വര്‍ധിപ്പിക്കാവുന്നതാണ്‌. പ്രമറിതലത്തിലുള്ള വിദ്യാര്‍ഥികളില്‍ പ്രത്യേക കഴിവുകള്‍ അഭ്യസിപ്പിക്കുന്നതിനും മറ്റുള്ളവരുമായി സഹകരിച്ച്‌ കളികളില്‍ ഏര്‍പ്പെടാനുള്ള കഴിവ്‌ വര്‍ധിപ്പിക്കുന്നതിനുമാണ്‌ ഊന്നല്‍ കൊടുക്കേണ്ടത്‌. ഈ പ്രായത്തില്‍ വ്യക്തിത്വ വികസനത്തിനും ആത്മവിശ്വാസത്തിനും ശാരീരികക്ഷമത, കായികവിനോദങ്ങളിലെ വിജയകരമായ പങ്കാളിത്തം എന്നിവ അത്യന്താപേക്ഷിതമാണ്‌. ഹൈസ്‌കൂള്‍ തലത്തില്‍ വിദ്യാര്‍ഥികള്‍ക്ക്‌ തങ്ങളുടെ താത്‌പര്യമനുസരിച്ചുള്ള കായികപ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്യ്രം നല്‌കേണ്ടതാണ്‌. വ്യത്യസ്‌ത കായികമേഖലകളില്‍ പ്രത്യേക വൈദഗ്‌ധ്യമുള്ളവര്‍ക്ക്‌ ഉയര്‍ന്നുവരുവാന്‍ ഇത്‌ വഴിയൊരുക്കുന്നു. ഹയര്‍ സെക്കന്‍ഡറി/ കോളജ്‌ തലങ്ങളില്‍ കായികവിദ്യാഭ്യാസം പ്രത്യേക പാഠ്യവിഷയമായി തിരഞ്ഞെടുക്കുന്നവരിലും കായികപ്രവര്‍ത്തനങ്ങളില്‍ സവിശേഷ താത്‌പര്യം പുലര്‍ത്തുന്നവരിലുമായി കായികവിദ്യാഭ്യാസം ഒതുങ്ങുന്നു.

അത്‌ലറ്റുകളെ ചിത്രണം ചെയ്‌ത ഗ്രീക്‌ പാത്രം-530 ബി.സി.
ഡിസ്‌കസ്‌ത്രാ-ശില്‌പം

ചരിത്രം. പ്രാചീനവിദ്യാഭ്യാസം രൂപം പ്രാപിച്ചതു തന്നെ കായികപരിശീലനത്തിലൂടെയാണ്‌. പ്രാചീന മനുഷ്യന്‍ നിലനില്‌പിനുവേണ്ടി സ്വന്തം കുഞ്ഞുങ്ങള്‍ക്ക്‌ കായികപരിശീലനം നല്‌കിയിരുന്നു. മതപരമായ അനുഷ്‌ഠാനങ്ങള്‍ക്കുവേണ്ടി നൃത്തം, തുള്ളല്‍ തുടങ്ങിയ കലകളിലും അവര്‍ പ്രാവീണ്യം നേടിയിരുന്നു. പുരാതന സംസ്‌കാരത്തിന്റെ ഉടമകളായി കരുതിവരുന്ന ചൈനാക്കാരും ഈജിപ്‌തുകാരും കായികവൈദഗ്‌ദ്യത്തിനു മുന്‍തൂക്കം നല്‌കിക്കൊണ്ടുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ്‌ സ്വീകരിച്ചിരുന്നത്‌.

പുരാതന മിന്നോവന്‍ സംസ്‌കാരവും കായിക വിദ്യാഭ്യാസത്തിന്‌ പ്രാധാന്യം നല്‌കിയിരുന്നു. സു. 500 ബി.സി.യില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ എല്ലാ ആണ്‍കുട്ടികളെയും ആറു വയസ്സുമുതല്‍ വീട്ടില്‍ നിന്ന്‌ മാറ്റിപ്പാര്‍പ്പിച്ച്‌ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ കായികപരിശീലനം നല്‌കിയിരുന്നു. കായികവിദ്യാഭ്യാസത്തിന്‌ വളരെയേറെ പ്രാധാന്യം കല്‍പ്പിച്ച സംസ്‌കാരമായിരുന്നു പുരാതന ഗ്രീസിലേത്‌. പരിപൂര്‍ണമായ ശാരീരികവികാസത്തിന്‌ ഊന്നല്‍ നല്‌കിയ ഗ്രീക്കുകാര്‍ കായിക വിദ്യാഭ്യാസത്തെ സംബന്ധിക്കുന്ന തത്ത്വസംഹിതകള്‍ക്കും രൂപം നല്‌കിയിരുന്നു. പുരാതന ഗ്രീക്‌ സാഹിത്യം ശില്‌പചിത്രകലകള്‍ എന്നിവയില്‍ ഈ ചിന്തയുടെ പ്രഭാവം ദൃശ്യമാണ്‌. ആഥന്‍സില്‍ കായികപരിശീലനം വ്യക്തിത്വവികസനത്തിനും മാനവിക ഔന്നത്യത്തിനും ഉതകുന്ന ഒരു മാര്‍ഗമായാണ്‌ വീക്ഷിക്കപ്പെട്ടിരുന്നത്‌. സ്‌പാര്‍ട്ടയിലാകട്ടെ യുവാക്കളെ മികച്ച യോദ്ധാക്കളായി വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ കായിക പരിശീലനം നല്‌കിയിരുന്നത്‌. സ്‌ത്രീകളും പുരുഷന്മാരും കായികക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഒരുപോലെ ശ്രദ്ധിച്ചിരുന്നു. കായികവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ നടത്തിയിരുന്ന മത്സരങ്ങള്‍ ദേശീയ ഉത്സവങ്ങളായി മാറുകയുണ്ടായി. ഒളിമ്പിക്‌ ഗെയിംസും ഇത്തരത്തിലാണ്‌ രൂപംകൊണ്ടത്‌.

കരാട്ടേ പരിശീലനം
യോഗ പരിശീലനം

റോമാസാമ്രാജ്യത്തില്‍ പട്ടാളക്കാര്‍ക്കും ദ്വന്ദയുദ്ധമല്ലന്മാര്‍ക്കും പ്രത്യേകതരത്തിലുള്ള കായികപരിശീലനപദ്ധതികള്‍ നിലവിലുണ്ടായിരുന്നു. എ.ഡി. 130200 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഗാലെന്‍ എന്ന ഭിഷഗ്വരന്‍ കായികാനുഷ്‌ഠാനങ്ങളെ ക്രമപ്പെടുത്തിക്കൊണ്ട്‌ ഒരു കായിക വിദ്യാഭ്യാസപരിപാടി ആവിഷ്‌കരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കൃതികളായിരുന്നു നവോത്ഥാന കാലഘട്ടത്തില്‍ കായികാഭ്യാസങ്ങളും കായികാഭ്യാസക്കളരികളും മാര്‍ഗരേഖയായി സ്വീകരിച്ചിരുന്നത്‌.

സൈക്ലിങ്‌

ശരീരത്തിനേക്കാളേറെ ആത്മാവിന്‌ പ്രാധാന്യം നല്‌കിയ മതവിശ്വാസങ്ങള്‍ പ്രബലമായതോടുകൂടി മധ്യകാലത്തെ സര്‍വകലാശാലകള്‍ കായികവിദ്യാഭ്യാസത്തെ അവഗണിച്ചു. എന്നാല്‍ നവോത്ഥാനത്തോടുകൂടി ദേശീയതയ്‌ക്ക്‌ ഒരു പുതിയ പരിവേഷം ലഭിക്കുകയുണ്ടായി. തത്‌ഫലമായി വിദ്യാലയങ്ങളിലും സര്‍വകലാശാലകളിലും കായികവിദ്യാഭ്യാസ പദ്ധതികള്‍ വീണ്ടും ആരംഭിച്ചു.

കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ ആസ്ഥാനം-തിരുവനന്തപുരം

ആധുനിക കായികവിദ്യാഭ്യാസത്തിന്‌ അടിത്തറ പാകിയത്‌ 19-ാം ശതകത്തിന്റെ ആരംഭത്തില്‍ ജര്‍മനിയിലും സ്‌കാന്‍ഡിനേവിയയിലും ഈ രംഗത്ത്‌ നടന്ന വികാസങ്ങളാണ്‌. 1811ല്‍ ബെര്‍ലിനില്‍ ആദ്യത്തെ ജിംനാസ്റ്റിക്‌സ്‌ സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു. വൈകാതെ ഡെന്‍മാര്‍ക്കിലും സ്വീഡനിലും ശാസ്‌ത്രീയമായ ജിംനാസ്റ്റിക്‌സ്‌ പരിശീലനം ആരംഭിച്ചു. കായികവിദ്യാഭ്യാസ സിദ്ധാന്തങ്ങളെക്കുറിച്ചും അവയുടെ പ്രയോഗത്തെക്കുറിച്ചും ആ രാജ്യങ്ങളില്‍ അധ്യാപകര്‍ക്ക്‌ പരിശീലനവും നല്‌കിയിരുന്നു. ഈ കീഴ്‌വഴക്കം ക്രമേണ ബ്രിട്ടന്‍, യു.എസ്‌. എന്നിവിടങ്ങളിലേക്കും വ്യാപിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ യൂറോപ്പൊട്ടാകെ സ്‌പോര്‍ട്‌സും ഗെയിംസും പ്രചാരം നേടുകയും സ്‌കൂളുകളില്‍ അവയ്‌ക്കു ഗണനീയമായ സ്‌ഥാനം ലഭിക്കുകയും ചെയ്‌തു. 20-ാം നൂറ്റാണ്ടായപ്പോഴേക്കും അവയുടെ പ്രാധാന്യം വര്‍ധിച്ചുവന്നു. റൂസ്സോയുടെ (1712-78) കൃതികളും ജര്‍മന്‍കാരായ ബനിഡോ (1723-90), ഗറ്റസ്‌മുത്തസ്‌ (1759-1839) എന്നിവരുടെ പ്രസംഗങ്ങളും മനുഷ്യസ്‌നേഹിയായ പെസ്റ്റലോസി (1746-1827)യുടെ പ്രവര്‍ത്തനവുമായിരുന്നു ഇതിനു നിദാനം. നെപ്പോളിയന്റെ യുദ്ധകാലഘട്ടത്തിലും അതിനുശേഷവും കായികവിദ്യാഭ്യാസ സിദ്ധാന്തങ്ങള്‍ക്കും കായികപരിശീലന രീതികള്‍ക്കും വിലപ്പെട്ട സംഭാവന നല്‌കിയവരില്‍ പ്രമുഖരാണ്‌ സ്വീഡനിലെ പി.എച്ച്‌. ലിങ്‌ (1776-1836), ഡെന്‍മാര്‍ക്കിലെ ഫ്രാന്‍സ്‌ നാക്‌റ്റിഗല്‍ (1777-1847), ജര്‍മന്‍കാരനായ എഫ്‌. എല്‍. ജാന്‍ (1778-1852) എന്നിവര്‍. ലിങ്‌, കായികവിദ്യാഭ്യാസത്തെ സൈനികം, സൗന്ദര്യാത്മകം, വൈദ്യശാസ്‌ത്രാനുരൂപികം, വിദ്യാഭ്യാസപരം എന്നിങ്ങനെ നാലായി വിഭജിച്ചിരുന്നു.

20-ാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി യൂറോപ്പിലെന്നപോലെ മറ്റു പരിഷ്‌കൃതരാജ്യങ്ങളിലും സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കായിക പരിശീലനങ്ങള്‍ക്ക്‌ അര്‍ഹമായ സ്ഥാനം നല്‌കപ്പെട്ടു. ജര്‍മനിയിലെ കായികവിദ്യാഭ്യാസം പലപ്പോഴും സൈനികപരിശീലനവുമായി ബന്ധപ്പെടുത്തിയതായിരുന്നു. നാസി ഭരണകാലത്ത്‌ (1935-45) ഇത്‌ പ്രകടമായിരുന്നു.

ഭാരതത്തില്‍. പുരാതന ഭാരതത്തിലെ വിദ്യാഭ്യാസ സമ്പ്രദായം മതാധിഷ്‌ഠിതമായിരുന്നെങ്കിലും ബുദ്ധിവികാസത്തിനു പര്യാപ്‌തമായിരുന്നു. അന്ന്‌ കായികപരിശീലനങ്ങള്‍ക്കു എന്തെങ്കിലും പരിഗണന ലഭിച്ചിരുന്നതായി രേഖകള്‍ കാണുന്നില്ല. ബി.സി. 40002000 കാലഘട്ടത്തില്‍ നിലവിലിരുന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കായികാഭ്യാസങ്ങള്‍ക്കും പ്രാധാന്യം കല്‌പിച്ചിരുന്നതായി കാണുന്നു. ജാതിവ്യവസ്ഥ രൂപംപ്രാപിച്ചതോടുകൂടി കായികപരിശീലനം ചില പ്രത്യേക ജാതിയില്‍പ്പെട്ടവരുടെ കുലത്തൊഴിലായി ചുരുങ്ങി. ക്ഷത്രിയര്‍ വാള്‍പ്പയറ്റ്‌, മല്ലയുദ്ധം, അസ്‌ത്രവിദ്യ, കുതിരസവാരി, നായാട്ട്‌, നീന്തല്‍ തുടങ്ങിയ കായികവിദ്യകള്‍ അഭ്യസിച്ചിരുന്നു. മഹാഭാരതം, രാമായണം എന്നീ ഇതിഹാസകാവ്യങ്ങളുടെ കാലഘട്ടം ഭാരതത്തില്‍ കായികവിദ്യാഭ്യാസത്തിന്റെ സുവര്‍ണയുഗമായി കരുതപ്പെടുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം കളരികളായിരുന്നു പുരാതന കായിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍. വെട്ട്‌, തട മുതലായ ആയുധാഭ്യാസങ്ങളും; ഓട്ടം, ചാട്ടം, മറിച്ചില്‍, തിരിച്ചില്‍ മുതലായ കായികാഭ്യാസങ്ങളും; കണ്‍കെട്ട്‌, ആള്‍മാറാട്ടം മുതലായ ജാലവിദ്യകളും; സംഘക്കളി, പടകളി (war dance) മുതലായ കളികളുമായിരുന്നു കളരികളില്‍ പ്രധാനമായും അഭ്യസിപ്പിച്ചിരുന്നത്‌.

1854ല്‍ പ്രസിദ്ധീകരിച്ച വുഡ്‌സ്‌ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി വ്യവസ്ഥാപിത വിദ്യാഭ്യാസ സമ്പ്രദായം ഭാരതത്തില്‍ നിലവില്‍ വന്നുവെങ്കിലും 1875ഓടുകൂടി മാത്രമാണ്‌ ഹൈസ്‌കൂളുകളില്‍ കായികവിദ്യാഭ്യാസത്തിനു പരിഗണന നല്‌കിത്തുടങ്ങിയത്‌. 1920ല്‍ മദ്രാസിലുള്ള വൈ.എം.സി.എ. കോളജിലാണ്‌ ഇന്ത്യയില്‍ ആദ്യമായി ശാസ്‌ത്രീയമായ കായിക പരിശീലന പദ്ധതി അനുസരിച്ചുള്ള വിദ്യാഭ്യാസത്തിനു തുടക്കം കുറിച്ചത്‌. ഇതിനു നേതൃത്വം നല്‌കിയിരുന്ന എച്ച്‌. സി. ബക്ക്‌ (H.C. Buck) ഭാരതത്തിലെ കായിക വിദ്യാഭ്യാസത്തിന്റെ പിതാവായി അറിയപ്പെടുന്നു. 1930ഓടുകൂടി ഇന്ത്യയിലുള്ള മിക്ക സ്‌കൂളുകളിലും കായിക പരിശീലനത്തിനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അതിനുവേണ്ടി കായികവിദ്യാഭ്യാസത്തില്‍ പ്രത്യേക പരിശീലനം നേടിയ അധ്യാപകരെ നിയമിക്കുകയും ചെയ്‌തു. മിക്ക സ്‌കൂളുകളിലും യോഗാഭ്യാസം പരിശീലിപ്പിച്ചു വരുന്നുണ്ട്‌. ലക്ഷ്‌മീഭായി നാഷണല്‍ കോളജ്‌ ഒഫ്‌ ഫിസിക്കല്‍ എഡ്യൂക്കേഷന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ വാട്ടര്‍ സ്‌പോര്‍ട്ട്‌സ്‌, പ്രീമിയര്‍ ഇന്ത്യ ഫുട്‌ബോള്‍ അക്കാദമി തുടങ്ങി നിരവധി കായികപരിശീലന കേന്ദ്രങ്ങള്‍ ഇന്ന്‌ ഇന്ത്യയിലുണ്ട്‌.

കായികവിദ്യാഭ്യാസ രംഗത്ത്‌ കേരളം മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്‌. അന്താരാഷ്‌ട്ര രംഗത്ത്‌ മത്സരങ്ങളില്‍ തിളങ്ങിയ പല കേരളീയ സ്‌പോര്‍ട്‌സ്‌ താരങ്ങളുടെയും തുടക്കം വിദ്യാലയക്കളരിയില്‍ നിന്നാണ്‌. വിദേശഭരണകാലത്ത്‌ കേരളത്തിലാരംഭിച്ച മിഷനറിമാരുടെ ഉടമയിലുള്ള സ്വകാര്യ വിദ്യാലയങ്ങളിലും കായിക വിദ്യാഭ്യാസത്തിന്‌ പ്രാധാന്യം നല്‌കിയിരുന്നു. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളജ്‌ അക്കാലത്ത്‌ വ്യവസ്ഥാപിതമായ കായിക പരിശീലനപരിപാടിക്ക്‌ തുടക്കം കുറിച്ച ഒരു കലാശാലയാണ്‌. പാശ്ചാത്യനാടുകളില്‍ പ്രചാരമുണ്ടായിരുന്ന എല്ലാ അത്‌ലറ്റിക്‌ ഇനങ്ങളും ഗെയിമുകളും സ്‌കൂള്‍കോളജ്‌ വിദ്യാര്‍ഥികളെ പരിശീലിപ്പിച്ചതോടെ നാട്ടിലാകെ പുതിയ കായിക വിനോദങ്ങള്‍ പ്രചരിക്കാനും ഇടയായി.

കേരള സര്‍വകലാശാലയില്‍ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള കോളജുകളിലെല്ലാം പ്രത്യേകം അധ്യാപകരുടെ നേതൃത്വത്തില്‍ കായികവിദ്യാഭ്യാസവകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 65 വര്‍ഷമായി ഇന്റര്‍കോളജിയേറ്റ്‌ അത്‌ലറ്റിക്‌ മത്സരങ്ങള്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിച്ചിരുന്നു. കോഴിക്കോട്‌, കൊച്ചി, കോട്ടയം, കണ്ണൂര്‍ സര്‍വകലാശാലകളും കാര്‍ഷിക സര്‍വകലാശാലകളും വാര്‍ഷിക സ്‌പോര്‍ട്‌സ്‌ മത്സരങ്ങള്‍ നടത്തുന്നുണ്ട്‌. ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ഹോക്കി, ഹാന്‍ഡ്‌ബോള്‍, വോളിബോള്‍, ഹാഫ്‌മാരത്തോണ്‍, ജിംനാസ്റ്റിക്‌സ്‌, അക്വാട്ടിക്കോണ്‍, ഖോഖോ, പവര്‍ലിഫ്‌റ്റിങ്‌, ടേബിള്‍ ടെന്നീസ്‌, ഗുസ്‌തി, വള്ളംതുഴ, കബഡി, ടെന്നീസ്‌, ക്രിക്കറ്റ്‌, സൈക്ലിംഗ്‌, ചെസ്സ്‌, യോഗ, ക്രാസ്‌ കണ്‍ട്രി ഓട്ടം എന്നിവയിലാണ്‌ മത്സരം. ഇവയില്‍ പ്രധാനപ്പെട്ട ഇനങ്ങള്‍ക്ക്‌ കോച്ചിങ്‌ നല്‌കാന്‍ വിദഗ്‌ധന്മാരെയും നിയോഗിക്കാറുണ്ട്‌. എല്ലാ വര്‍ഷവും നടത്തുന്ന ഇന്റര്‍ കോളജിയേറ്റ്‌ മത്സരങ്ങളില്‍ മികവ്‌ പ്രകടിപ്പിക്കുന്നവര്‍ക്ക്‌ പ്രാത്സാഹനങ്ങളും ആനുകൂല്യങ്ങളും നല്‌കുന്നു. സ്‌പോര്‍ട്‌സിലെ മികവ്‌ ഉന്നതബിരുദകോഴ്‌സ്‌ പ്രവേശനത്തിനും ഉദ്യോഗനിയമനത്തിനും പരിഗണിക്കണമെന്നും വ്യവസ്ഥയുണ്ട്‌.

സ്‌കൂള്‍ കായികരംഗത്ത്‌ കേരളം വളരെ മെച്ചപ്പെട്ട നിലവാരം പുലര്‍ത്തുന്നു. കാല്‍നൂറ്റാണ്ടിലേറെക്കാലമായി തിരുവനന്തപുരത്ത്‌ പ്രവര്‍ത്തിക്കുന്ന ജി.വി. രാജ സ്‌മാരക സ്‌പോര്‍ട്‌സ്‌ സ്‌കൂള്‍ ഈ രംഗത്ത്‌ ക്രിയാത്മക സേവനം അനുഷ്‌ഠിക്കുന്നു. അത്‌ലറ്റിക്‌സിന്റെയും ഗെയിംസിന്റെയും എല്ലാ ഇനങ്ങളിലും ഇവിടെ താത്വികവും പ്രായോഗികവുമായ തീവ്രപരിശീലനം നല്‌കുന്നു. കായികരംഗത്ത്‌ വാസന പ്രകടിപ്പിക്കുന്നവരെ കുരുന്നിലേ കണ്ടെത്തി അഭ്യസിപ്പിച്ച്‌ വളര്‍ത്തിക്കൊണ്ടുവരിക എന്ന ആശയം സാക്ഷാത്‌കരിക്കാനാണ്‌ ഈ വിദ്യാലയം തുടങ്ങിയത്‌. എസ്‌.എസ്‌.എല്‍.സി.ക്കും വി.എച്ച്‌.എസ്‌.സി.ക്കും പഠിക്കുന്ന കുട്ടികളില്‍ സ്‌പോര്‍ട്‌സില്‍ അഭിരുചിയും കായികശേഷിയുമുള്ളവരെ തിരഞ്ഞെടുത്ത്‌ എട്ടാംക്ലാസ്സ്‌ മുതല്‍ പ്രത്യേക പരിശീലനം ഇവിടെ നല്‌കുന്നു. ഇന്ത്യയിലെതന്നെ മികച്ച അത്‌ലറ്റുകളിലൊരാളായ ശ്രീമതി പി.ടി. ഉഷ ആരംഭിച്ച ഉഷ സ്‌കൂള്‍ ഒഫ്‌ അത്‌ലറ്റിക്‌സ്‌ ഈ രംഗത്ത്‌ മികച്ച സംഭാവനകള്‍ നല്‌കിവരുന്നു.1954ല്‍ പ്രവര്‍ത്തനമാരംഭിച്ച കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ കായികമികവ്‌ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സ്‌പോര്‍ട്‌സ്‌, വിദ്യാഭ്യാസം, ആരോഗ്യം എന്നീ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച്‌ കേരള സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ തുടക്കംകുറിച്ച സമ്പൂര്‍ണ കായികക്ഷമതാ പദ്ധതി (Total Physical Fitness Programme-TPFP) പ്രത്യേക മികവ്‌ പ്രകടിപ്പിക്കുന്നവരെ കണ്ടെത്തി പരിശീലനം നല്‌കുന്നതിനോടൊപ്പംതന്നെ, ഓരോ വിദ്യാര്‍ഥിക്കും അനുയോജ്യമായ കായികപരിശീലനം നല്‌കുന്നതിലും അത്‌ ജീവിതചര്യയുടെ ഒരു ഭാഗമായി മാറ്റുന്നതിനെ പ്രാത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ പതിപ്പിക്കുന്നു.

കായികവിദ്യാഭ്യാസവുമായി നേരിട്ട്‌ ബന്ധമുള്ള മൂന്ന്‌ അന്താരാഷ്‌ട്രസംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌; (1) ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഫോര്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍; (2) ഇന്റര്‍ നാഷനല്‍ കൗണ്‍സില്‍ ഒഫ്‌ സ്‌പോര്‍ട്‌സ്‌ ആന്‍ഡ്‌ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ഇത്‌ യുണെസ്‌കോയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നു); (3) ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓണ്‍ ഹെല്‍ത്ത്‌, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ്‌ റിക്രിയേഷന്‍ (ഇത്‌ അധ്യാപകസംഘടനകളുടെ അഖിലലോക കോണ്‍ഫെഡറേഷനില്‍ ചേര്‍ന്നിരിക്കുന്നു).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍